ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ നടന്ന ആർഎസ്എസ് അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക്കിൽ അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പിൽ സംഘടന ഔദ്യോഗികമായി അതൃപ്തി രേഖപ്പെടുത്തി.
രാമക്ഷേത്ര ട്രസ്റ്റിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ന്യാസ് ജാഗ്രത പുലർത്തുമെന്ന പ്രതീക്ഷയും ആർഎസ്എസ് പങ്കുവെച്ചു.
തട്ടിപ്പിനെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച എസ്ഐടിയുടെ അന്വേഷണത്തിലും പോലീസ് നടപടികളിലും പൂർണ വിശ്വാസമുണ്ടെന്ന് ആർഎസ്എസ് വ്യക്തമാക്കി. സത്യം എത്രയും വേഗം പുറത്തുവരുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.
ജൂൺ ഏഴിനാണ് സംഭാവനകളിലെ ക്രമക്കേടുകൾ പുറത്തുവന്നത്. തുടർന്ന് ജൂൺ 25-ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂലൈ പത്ത് മുതൽ 12 വരെ നടന്ന മൂന്നുദിവസത്തെ യോഗത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ദത്താത്രേയ ഹൊസബാലെ തുടങ്ങിയ മുതിർന്ന നേതാക്കളും 226 കാര്യകർത്താക്കളും പങ്കെടുത്തു.